12:02am 19 August 2026
NEWS
കലിതുള്ളി കടൽ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്
18/08/2026  09:14 PM IST
nila
കലിതുള്ളി കടൽ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

 


തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ ഇന്ന് രാത്രി 9.15ന് തീരപ്രദേശങ്ങളിൽ മുഴങ്ങും.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകൾക്കും ജാഗ്രതാ നിർദേശം ബാധകമാണ്. ഇന്ന് (ഓഗസ്റ്റ് 18) അർധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകിട്ട് 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ജാഗ്രത പാലിക്കേണ്ട പ്രധാന തീരമേഖലകൾ

  • തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
  • കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
  • ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
  • എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
  • തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
  • മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
  • കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
  • കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
  • കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം

കടൽക്ഷോഭം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം.

തിരമാല ശക്തമായ സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമാണ്. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദപ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം ഉറപ്പാക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. തീരശോഷണ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img